Sunday, January 5, 2025
Kerala

നിയമം അനുശാസിക്കുന്ന സാഹചര്യത്തിലല്ലാതെ ബലപ്രയോഗം പാടില്ല’; കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡി ഐ ജിമാരുടെയും സോൺ ഐ ജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയത്.

വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു. പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ കൃത്യമായി വിലയിരുത്തണം. കേസുകളും കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധപ്പെട്ട് വ്യക്തികളെ പൊലീസ് സ്റ്റേഷനുകളിൽ കൊണ്ടുവരുമ്പോൾ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമായിരിക്കും. ഇത്തരം കേസുകളിൽ കേരള പൊലീസ് ആക്ടിൽ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണം. 

നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ അല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം പാടില്ല. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടിവന്നാൽ അത് നിയമാനുസൃതം മാത്രമേ ആകാവൂ എന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *