ബെൽറ്റ് കൊണ്ട് മർദനം; ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു; കോഴിക്കോട് വീട്ടുജോലിക്കായി വന്ന പെൺകുട്ടിക്കുനേരെ വീട്ടുകാരുടെ ക്രൂരത
വീട്ടു ജോലിക്കായി വന്ന പതിമൂന്ന് വയസുകാരിയായ പെൺകുട്ടിയെ ക്രൂരമായി മർദിച്ച് വീട്ടുകാരി. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഭാര്യയും ആണ് പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തിയത്ത്. ഉത്തരേന്ത്യൻ സ്വദേശിയായ പെൺകുട്ടിക്ക് നേരെയായിരുന്നു വീട്ടുകാരുടെ ക്രൂരത.
കുട്ടിയെ വീട്ടുകാരി ബെൽറ്റ് കൊണ്ട് മർദിച്ചെന്നും ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊള്ളൽ ഏൽപ്പിച്ചു എന്നുമാണ് പരാതി. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ചൈൽഡ് ലൈൻ അധികൃതർ ബാലികാ മന്ദിരത്തിലേക്ക് മാറ്റി. പന്തീരാങ്കാവ് പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഉത്തരേന്ത്യക്കാരനായ ഡോക്ടറുടെ ഫ്ലാറ്റിലാണ് പതിമൂന്ന് വയസുകാരി ജോലിക്ക് നിന്നത്. ഡോക്ടറുടെ ഭാര്യ കുട്ടിയെ ഇടക്കിടെ മർദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവർ പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നത് കണ്ട അയൽവാസികളിൽ ചിലരാണ് ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം കൈമാറിയത്. നാലുമാസം മുൻപാണ് ബാലവേലയ്ക്കായി പെൺകുട്ടിയെ എത്തിച്ചത്.