ക്ലാസില്‍ മൂത്രമൊഴിച്ചതിന് ഏഴുവയസുകാരനോട് അധ്യാപകന്റെ ക്രൂരത; തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ചു
ക്ലാസില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഏഴുവയസുകാരനെ അധ്യാപകന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു. 40 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ സന്തേക്കല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഘനമതേശ്വര ഗ്രാമീണ സംസ്‌തേ എന്ന സംഘടന നടത്തുന്ന പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്.
ഹുലിഗെപ്പ എന്ന് പേരായ അധ്യാപകനാണ് രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് നേരെ ചൂടുവെള്ളമൊഴിച്ചത്. സ്‌കൂളിലെ സോളാര്‍ വാട്ടര്‍ ഹീറ്ററില്‍ നിന്നും വെള്ളം മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് ആദ്യം ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് ഇയാള്‍ മനപൂര്‍വം കുട്ടിയുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ചതാണെന്ന് കണ്ടെത്തിയത്.
സ്‌കൂളിലെത്തി വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ തയാറാക്കിയിട്ടില്ലെന്നാണ് വിവരം.