ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് ദേഹത്തേക്ക് വന്നിടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരി ദേഹത്തേക്ക് വന്നിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മരുതൂർ തെക്കെ മീത്തൽ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മയാണ് (65) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മുത്താമ്പി ലക്ഷ്മീ നരസിംഹ മൂർത്തി ക്ഷേത്രത്തിനു സമീപമായിരുന്നു ദാരുണമായ അപകടം നടന്നത്.
ബൈപ്പാസ് നിർമാണത്തിനായി അരിക്കുളത്തു നിന്നു മണ്ണുമായി വരികയായിരുന്ന വഗാഡ് കമ്പനിയുടെ ടോറസ് ലോറിയാണ് അപകടം വരുത്തിയത്. ഓടികൊണ്ടിരിക്കെ ലോറിയുടെ ഇടതുഭാഗത്തെ ടയർ ഊരിതെറിക്കുകയായിരുന്നു. വാഹനത്തിനടുത്ത് നിന്ന് നൂറ് മീറ്റർ അകലെ വലത് വശത്തെ ടയറും ഊരിതെറിച്ചിരുന്നു.
റോഡുപണിക്കെത്തിയ വഗാഡ് കമ്പനിയുടെ ടോറസ് ലോറികൾ നിരവധി അപകടങ്ങൾ ഇതിനകം പ്രദേശത്ത് വരുത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മയുടെ ഭർത്താവ്: പരേതനായ തെക്കെ മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ. മകൻ: രാജ് കുമാർ. മരുമകൾ: ശ്രീജ.