Sunday, January 5, 2025
KozhikodeTop News

വിസ്മയ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്; മരണത്തിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്ക് സന്ദേശമയച്ചതായി കുറ്റപത്രത്തിൽ

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി പൊലീസ്. വിസ്മയയുടെ ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ളതാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഭർത്താവ് കിരണിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിസ്മയ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പൊലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്.

കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും പൊലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. മരണത്തിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്കും സന്ദേശമയച്ചതായി പൊലീസ് കണ്ടെത്തി. പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുമെന്ന് വിസ്മയ കിരണിനോടും പറഞ്ഞിരുന്നുന്നതായി പൊലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ മെൻഡറിൽ നിന്നും വിസ്മയ ഉപദേശം തേടിയതിന്റെ രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

102 സാക്ഷികളും, 92 റെക്കോര്‍ഡുകളും, 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 2419 പേജാകും. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ ആണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ.ബി രവി പറഞ്ഞിരുന്നു. സമര്‍പ്പിക്കപ്പെടുന്നത് കുറ്റമറ്റ ചാര്‍ജ് ഷീറ്റ് എന്നും റൂറല്‍ എസ്പി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ പ്രധാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കിയിരുന്നു.

സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതി കിരണ്‍കുമാറിനെതിരെ കുറ്റപത്രത്തിലുള്ളത്. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *