‘ആസ്റ്റര്‍ ദില്‍സെ’ ലോകാരോഗ്യദിനത്തില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നൂതന പദ്ധതി
കോഴിക്കോട്: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ ‘ആസ്റ്റര്‍ ദില്‍സെ’ എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
മലയാളിജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രവാസികളാണ്. വിദേശങ്ങളില്‍ താമസിക്കുന്ന ഇവരില്‍ ധാരാളം പേരുടെ വീടുകളില്‍ സ്ഥിരമായ പരിചരണവും ചികിത്സയും ആവശ്യമായ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഉണ്ട്. വിദേശത്ത് നിന്നുകൊണ്ട് നാട്ടിലുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന നിസ്സഹായതയ്ക്ക് പരിഹാരം എന്ന കാഴ്ചപ്പാടിലാണ് ‘ആസ്റ്റര്‍ ദില്‍സെ’ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഈ പദ്ധതിയില്‍ അംഗമാകുന്നവരുടെ കുടുംബത്തിന് തുടക്കത്തില്‍ നിലവിലെ അവരുടെ ശാരീരികാവസ്ഥയും ആരോഗ്യവും മനസ്സിലാക്കുന്നതിനായി ഒരു പ്രാഥമിക ആരോഗ്യ പരിശോധന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാബ് സാമ്പിള്‍ ശേഖരണവും, അടിസ്ഥാന മെഡിക്കല്‍ പരിശോധനകളുമെല്ലാം വീട്ടില്‍ വന്ന് തന്നെ നിര്‍വ്വഹിക്കും. ഈ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ വിദേശത്ത് താമസിക്കുന്ന മക്കളുമായി/പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്ന വ്യക്തിയുമായി/കുടുംബവുമായി കൂടിയാലോചിക്കുകയും തുടര്‍ പരിചരണത്തിനുള്ള വിശദാംശങ്ങള്‍ ശിപാര്‍ശ ചെയ്യുകയും ചെയ്യും.
ഓരോ തവണയും ഡോക്ടറുടെ കണ്‍സല്‍ട്ടേഷനില്‍ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വെര്‍ച്വലായി പങ്കെടുക്കാന്‍ സാധിക്കുകയും കൃത്യമായ വിവരങ്ങള്‍ ഡോക്ടറില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും. മാത്രമല്ല ഏത് സമയത്തും അടിയന്തര മെഡിക്കല്‍ സേവനം ആവശ്യമായി വരികയാണെങ്കില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോണ്‍സെന്ററില്‍ (75 111 75 333) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ആശുപത്രിയിലെത്തിക്കാനുള്ള അടിയന്തര ആംബുലന്‍സ് സേവനം, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ ലഭ്യമാകും. ഇതിന് പുറമെ ശസ്ത്രക്രിയകള്‍, സങ്കീര്‍ണ്ണമായ പരിശോധനകള്‍, ഹോസ്പിറ്റല്‍ അഡമിഷന്‍ മുതലായ സമങ്ങളില്‍ പ്രത്യേക ഇളവുകളും ഈ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ലഭ്യമാകും.