സുശാന്തിന്റെ ദില്‍ ബേചാരയിലെ ‘ഖുല്‍കെ ജീനേ കാ’ എന്ന ഗാനവും തരംഗമായി
മുംബൈ: സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദില്‍ ബേചാര’ ജൂലൈ 24-നു ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വി ഐ പി യിലൂടെ ഒ ടി ടി റിലീസിന് തയ്യാറെടുത്തിരിക്കവേ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുശാന്തിന്റെ മറ്റൊരു ഡ്യുയറ്റ് ഗാന വിഡിയോയും പുറത്തു വിട്ടിരിക്കയാണ് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്. എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തി സുശാന്ത് സിംഗ് രാജ്പുതും പുതുമുഖ നായിക സഞ്ജനാ സംഘിയും ചുവടു വെച്ച പാരിസ് നഗരത്തിന്റെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘ഖുല്‍കെ ജീനേ കാ’ എന്ന റൊമാന്റിക് ഗാന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. യു ട്യൂബില്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനകം ഈ ഗാനവും ഒമ്പതു മില്യണ്‍ കാഴ്ചക്കാരെ നേടി സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് ആരാധക മനസ്സുകളില്‍ മരണമില്ലാതെ ജീവിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ഗാനത്തിന്റെ വിജയവും. മുകേഷ് ചാബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമാണ് ‘ദില്‍ ബേചാര’.