Tuesday, April 15, 2025
Kerala

തൃശൂർ എളനാട് കാണാതായ 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ എളനാട്ടിൽ നിന്നും കാണാതായ 12 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കണായ നീളംപള്ളിയാൽ തൊന്തി വീട്ടിൽ റഷീദിൻ്റെ മകൻ അഫ്സലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കണായ സർക്കാർ ജിയുപി സ്കൂളിന് സമീപത്താണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ ഡിസംബർ 30ന് വീട്ടിൽ നിന്നുമിറങ്ങിയ 12 കാരൻ അഫ്സലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കണായ സർക്കാർ ജിയുപി സ്കൂളിന് പുറകുവശത്തായി മരത്തിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. എളനാട് സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചയോടെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.

സിഗരറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടുകാർ വഴക്കു പറഞ്ഞിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിൻ്റെ മനപ്രയാസം ഉണ്ടായിരുന്നതായി സൂചനയുണ്ട്. കുന്നംകുളം എസിപി ടി.എസ്.സിനോജ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിൽ മാത്രമേ കൂടുതൽ വ്യക്തതയുണ്ടാകൂവെന്നും പൊലീസ് വ്യക്തമാക്കി. അഫ്സലിന് അജ്മൽ, അൻസിൽ എന്നീ സഹോദരങ്ങൾ കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *