സത്യപ്രതിജ്ഞ ചെയ്താലും സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരും;കെ. സുരേന്ദ്രൻ
സത്യപ്രതിജ്ഞ ചെയ്താലും സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണഘടനയെ ആക്ഷേപിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം അങ്ങേയറ്റം ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. നിയമപരമായും രാഷ്ട്രീയമായും സർക്കാരിന് വലിയ എതിർപ്പുകളെ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഭരണഘടനെ തള്ളിപ്പറയുകയും ഭരണഘടനാ ശിൽപ്പികളെ പരസ്യമായി അവഹേളിക്കുകയും ചെയ്തതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോൾ അതെ സജി ചെറിയാനെ വീണ്ടും മന്ത്രി സഭയിലേക്ക് തിരിച്ചെടുക്കുകയാണ്.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഭരണഘടനയെ പരസ്യമായി അവഹേളിച്ചതിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. സർക്കാരിന് ഭരണഘടനയോട് ബഹുമാനം ഇല്ലെന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.വിഷയത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പുതുവർഷ പുലരിയിൽ സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രകോപനകരമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിന് സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും. നിയമപരമായും രാഷ്ട്രീയമായും ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, വീണ്ടും മന്ത്രിയാകുന്നതിന് നിയമപരമായി തടസ്സമില്ലെന്ന് സജി ചെറിയാൻ പ്രതികരിച്ചു. ധാർമികതയുടെ പേരിലാണ് രാജിവെച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞത് കൊണ്ടാണ് മന്ത്രി സഭയിലേക്ക് തിരിച്ചെത്തുന്നത്. തന്റെ പ്രസംഗത്തിൽ ഭരണഘടനവിരുദ്ധതയില്ലെന്ന് പൊലീസും കോടതിയും കണ്ടെത്തിയെന്നും സജി ചെറിയാൻ പറഞ്ഞു.