കണ്ണൂർ സർവകലാശാലയ്ക്ക് തിരിച്ചടി; പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ
കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസ് ഉൾപ്പെട്ട പട്ടിക ഗവർണർ സ്റ്റേ ചെയ്തു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.
താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാല മലയാളം ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു.
സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു ഇന്ന് വിസി പറഞ്ഞത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ ഗോപിനാഥൻ രവീന്ദ്രൻ പറഞ്ഞു.