യുപി-കേരളം താരതമ്യം നീചം, ശ്രമം യുപിയെ വെള്ള പൂശാൻ: കോൺഗ്രസ് നേതാക്കൾക്കെതിരെ മുഹമ്മദ് റിയാസ്
കോഴിക്കോട്: യുപിയും കേരളവും ഒരുപോലെയായെന്നു പറയുന്നതിലൂടെ കോൺഗ്രസ് നേതാക്കന്മാർ ഉദ്ദേശിക്കുന്നത് യുപിയെ വെള്ളപൂശാൻ ആണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു, യുപിയിൽ വർഗീയ കലാപങ്ങളും കൊലപാതകങ്ങളും നിരവധി നടക്കുന്നുണ്ട്. കേരളത്തിൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ സർക്കാരും പൊലീസും കൃത്യമായി ഇടപെട്ട് നടപടി എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണത്തിന് കേരളത്തിലെ ജനങ്ങൾതന്നെ മറുപടി നൽകുന്നുണ്ട്. കേരളത്തിൽ ഓരോ മൂന്നു മണിക്കൂറിലും ഓരോ ബലാത്സംഗം നടക്കുന്നുണ്ടോ, കേരളത്തിൽ വർഗീയ കലാപങ്ങൾ ഇടവിട്ട് നടക്കുന്നുണ്ടോ. നീതിക്കുവേണ്ടി നില കൊണ്ടതിനു ഒരു ഡസനിലധികം മാധ്യമ പ്രവർത്തകരെയാണ് യുപിയിൽ തല്ലിക്കൊന്നത്. കേരളത്തിൽ അത് നടക്കുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. ആലുവയിൽ കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.