ജില്ലയിലെ ദേശീയ പാത നിർമാണം 2024 മെയ് 15നുള്ളിൽ പൂർത്തീകരിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കാസർഗോഡ് ജില്ലയിലെ ദേശീയ പാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും 2024 മെയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർഗോഡ് പുതിയ ബസ് സ്റ്റാന്റിൽ മേൽപ്പാലം നിർമാണ പുരോഗതി നേരിൽ കണ്ടു വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 9 ജില്ലകളിലും അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ദേശീയ പാത. ദേശീയ പാത അതോറിറ്റി ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുമ്പളയിലെ മേൽപ്പാലം 2022 ഡിസംബറിലും കാസർകോട് മേൽപ്പാലം 2023 അവസാനവും തുറന്നു കൊടുക്കും. കാസർഗോഡിന്റെ മുഖച്ഛായ തന്നെ മാറുകയാണ്.നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ പൂർത്തീകരിക്കും വിധമാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശിയ പാത പ്രവർത്തിയുടെ ഓരോ കാര്യവും സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്.
തിരുവനന്തപുരത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ എല്ല വിഷയങ്ങളും ചർച്ച ചെയ്യും. ദേശീയ പാതയുടെ നിർമാണ പുരോഗതി ഓരോ ജില്ലയിലും തുടർച്ചയായി നടത്തുന്നുണ്ട്.എത്രയും വേഗത്തിൽ പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെ ആണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.