‘ദ കേരള സ്റ്റോറിക്ക് പിന്നിൽ സംഘപരിവാർ അജണ്ട; സുരേന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിലൂടെ വ്യക്തമാണ്; മുഹമ്മദ് റിയാസ്
ബിജെപിയും സംഘപരിവാർ സംഘടനകളും കേരളത്തിൽ വിഷം തുപ്പാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ദ കേരള സ്റ്റോറി’ ചിത്രത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന് വ്യക്തമാണെന്നും ഈ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും മന്ത്രി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങൾ ലജ്ജാകരമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പർദ്ധ വളർത്താനും ഐക്യത്തോടെ നിലനിൽക്കുന്ന കേരളത്തെ വിവിധ ചേരികളാക്കി മാറ്റാൻ ബിജെപി സ്പോൺസർ ചെയ്യുന്ന പ്രവർത്തനമാണിതെന്ന് ഇന്നലെ സുരേന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിലൂടെ വ്യക്തമാണ്. ഇന്ത്യയിൽ ഏറ്റവും അധികം ടൂറിസം വളരുന്നത് കേരളത്തിലാണ്.
കേരളത്തിലേക്ക് ജനങ്ങൾ വരാനുള്ള പ്രധാനകാരണം ഇവിടുത്തെ പ്രകൃതി രമണീയത കൊണ്ട് മാത്രമല്ല മറിച്ച് കേരളത്തിലെ ജനങളുടെ ആതിഥേയ മര്യാദയും മതസൗഹാർദ്ദ അന്തരീക്ഷവും കേരളം ജനതയുടെ മതനിരപേക്ഷ മനസ്സുമാണ്, അങ്ങനെയുള്ള കേരളത്തെ വക്രീകരിക്കാനും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനും പരസ്യമായി പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.