Friday, October 18, 2024
Kerala

‘സംഘപരിവാര്‍ പതിപ്പായി മാറുന്നു’; സ്പീക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ എന്‍എസ്എസിനെതിരെ സിപിഐഎം

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസിന്റെ പ്രതികരണത്തെത്തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. സ്പീക്കര്‍ പറഞ്ഞത് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ കുറ്റപ്പെടുത്തി. സുകുമാരന്‍ നായര്‍ സംഘപരിവാര്‍ പതിപ്പാകുന്നുവെന്നാണ് സിപിഐഎം വിമര്‍ശനം.

സുകുമാരന്‍ നായരാണ് മാപ്പ് പറയേണ്ടതെന്ന് എ കെ ബാലന്‍ പറയുന്നു. സ്പീക്കര്‍ പ്രത്യേക വിഭാഗത്തില്‍ ജനിച്ചുപോയി എന്നത് കൊണ്ട് ഒറ്റപ്പെടുത്തുന്നുവെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് പ്രചാരണം എന്‍എസ്എസ് ഏറ്റുപിടിക്കുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സുകുമാരന്‍നായരുടെ നിര്‍ദേശം ആ സമുദായം തന്നെ തള്ളിക്കളഞ്ഞു. തെറ്റിദ്ധാരണയാണെങ്കില്‍ സുകുമാരന്‍ നായര്‍ തിരുത്തണമെന്നും സ്പീക്കറോട് മാപ്പുപറയണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തിയെന്നായിരുന്നു എന്‍എസ്എസ് പ്രസ്താവന. സ്പീക്കര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.