സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് സിപിഐഎം കേരളത്തില്‍ ചെയ്യുന്നു; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
പി എം ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് നടക്കുന്നത്. സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നതാണ് സിപിഐഎം കേരളത്തില്‍ ചെയ്യുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി മാധ്യമവേട്ടയാണ് . ഇതില്‍ നാളെ മുതല്‍ ശക്തമായ പ്രതിഷേധമാണ് ഉയരാന്‍ പോകുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എം വി ഗോവിന്ദന്റെ ഭീഷണി ആരും വിലവയ്ക്കുന്നില്ലെന്ന് വി ഡി സതീശന്‍ പരിഹസിച്ചു.
ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് എം വി ഗോവിന്ദനൊപ്പം മന്ത്രി സജി ചെറിയാനും രംഗത്തെത്തി. നടപടി മാധ്യമങ്ങള്‍ക്കെതിരെയല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. നടപടി എടുത്തത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ്. സര്‍ക്കാരിനെ ഇകഴ്ത്തുന്ന സമീപനമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. പി എം ആര്‍ഷോയ്ക്കെതിരെ ഗൂഢാലോചന ഉണ്ടായെന്ന് തെളിയുകയാണെന്നും മന്ത്രി പറഞ്ഞു.
മാധ്യമത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും നടപടി നേരിടുന്നതില്‍ നിന്നൊഴിയാന്‍ കഴിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. നടപടിയെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയായി താരതമ്യം ചെയ്യേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.