തന്നെയാരും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിട്ടില്ല; താന്‍ കാരണമാണ് യുഡിഎഫ് തോറ്റതെന്ന വിമര്‍ശനത്തെ തള്ളി ചെന്നിത്തല
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ അതിരൂക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. തന്നെയാരും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിട്ടില്ലെന്നും താന്‍ കാരണമാണ് യുഡിഎഫ് പരാജയപ്പെട്ടതെന്ന വിമര്‍ശനം അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല മറുപടി നല്‍കി.
തങ്ങളെ ആര്‍ക്കും വിമര്‍ശിക്കാമെന്നും വിവാദങ്ങള്‍ ഏറ്റുപിടിക്കാനില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
വാക്കുകള്‍ കൊണ്ട് ജി സുകുമാരന്‍ നായര്‍ കണക്കറ്റ് പ്രഹരിച്ചിട്ടും അതേനാണയത്തില്‍ മറുപടി പറയാന്‍ പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറല്ല. എന്‍ എസ് എസിനെ പിണക്കാതെ, സുകുമാരന്‍ നായരെ കൂടുതല്‍ പ്രകോപിപ്പിക്കാതെയായിരുന്നു രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും പ്രതികരണം. താന്‍ തികഞ്ഞ മതേതരവാദിയാണെന്നും തന്നെ അധികാര സ്ഥാനങ്ങളിലേക്ക് എത്തിച്ചത് പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സമുദായ സംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുതയില്ലെന്നും സതീശന്‍ പറഞ്ഞു.
സമുദായത്തില്‍പ്പെട്ട നേതാക്കള്‍ എന്‍ എസ് എസിന് വഴങ്ങി മുന്നോട്ട് പോകണമെന്ന വിധത്തിലുളള ജി സുകുമാരന്‍ നായരുടെ പ്രതികരണങ്ങളില്‍ നേതാക്കളില്‍ പലരും അതൃപ്തരാണ്. എന്നാല്‍, ആ നീരസം തുറന്നു പറഞ്ഞു എന്‍ എസ് എസിനെ പിണക്കേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍.