ജയിലിൽ എത്തിയപ്പോൾ മുതൽ പ്രതി സന്തോഷവാൻ; കടുത്ത ശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ
ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ. മകൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ തങ്ങൾക്ക് ലഭിക്കുന്ന പരിഗണന എപ്പോഴും വേണമെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
ആലുവ സബ് ജയിലിൽ എത്തിച്ച പ്രതി അസഫാക് ആലാം യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ല. ജയിലിൽ ഉള്ളിൽ പ്രതിയുടെ പെരുമാറ്റം സാധാരണ പോലെയായിരുന്നു. ജയിലിൽ എത്തിച്ചപ്പോൾ പ്രതി സന്തോഷവാനെന്നും പൊലീസ് പറഞ്ഞു. മറ്റുള്ളവരോട് ചിരിച്ച് ഒരു കൂസലുമില്ലാതെ പ്രതി ജയിലിൽ കഴിയുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ പൊലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം. ബെന്നി ബഹനാൻ എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്.
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്.
പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും അന്വേഷണ സംഘം കടക്കും. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.