അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി അസ്ഫാഖ് ആലത്തെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം.
പ്രതി കൊടും ക്രിമിനൽ ആണെന്നും അതിക്രൂരമായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനും മുൻപ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പ്രതിയെ പോലീസ് കസ്റ്റഡിയിൽ കിട്ടുക അനിവാര്യമാണെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം കുട്ടിയുടെ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വേഗത്തിൽ ലഭിക്കാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.കേസിൽ വിശദമായ അന്വേഷണത്തിന് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ബിഹാറിലേക്ക് പുറപ്പെടാനും തീരുമാനമായിട്ടുണ്ട്.കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ മന്ത്രിമാരടക്കമുള്ളവർ എത്തിയില്ല എന്ന വിമർശനം ഉയരുന്നതിനിടെ ഇന്നലെ രാത്രി മന്ത്രി വീണാ ജോർജ് , എംഎം മണി എംഎൽഎ എന്നിവർ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.