എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫി എൻ.എ.എ കസ്റ്റഡിയിൽ; ഇനി വിശദമായ ചോദ്യം ചെയ്യൽ
എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫി എൻ.എ.എ കസ്റ്റഡിയിൽ. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായമാണ് ഷാരൂഖിനെ എൻ.എ.എ ചോദ്യം ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻ.എ.എ അന്വേഷിക്കുന്നത്.
പൊലീസ് അന്വേഷണത്തോട് ഷാരൂഖ് സെയ്‌ഫി കാര്യമായി സഹകരിച്ചിരുന്നില്ല. താൻ ഒറ്റയ്ക്കാണ് ട്രെയിൻ ആക്രമിച്ചതെന്നും പ്രതി ആവർത്തിച്ചിരുന്നു. എന്നാൽ ഈ മൊഴി മുഖവരയ്ക്ക് എടുത്തിട്ടില്ല. ഷാറൂഖിന് മറ്റേതെങ്കിലും തീവ്രസംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നാണ് എൻ.എ.എ അന്വേഷണം. പ്രാദേശിക സഹായത്തെ കുറിച്ചും അന്വേഷിക്കും.
ഏഴുദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെള്ളിവെടുപ്പ് ഉൾപ്പടെ നടത്തും. കേസിൽ കേരള പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും എൻ. ഐ.എ ക്ക് കൈമാറിയിട്ടുണ്ട്. ഫോറൻസിക് പരിശോധനക്ക് നൽകിയ പ്രതിയുടെ ഫോൺ ഉടൻ ലഭ്യമാകും. വിയ്യൂർ ജയിലിൽ നിന്നും എൻ.എ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 8 ന് കസ്റ്റഡി കാലാവധി അവസാനിക്കും.