ലക്ഷദ്വീപിന് കേരളത്തിന്റെ ഐക്യദാർഢ്യം: നിയമസഭയിൽ നാളെ പ്രമേയം, പ്രതിപക്ഷം പിന്തുണക്കും
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസാക്കും. അഡ്മിനിസ്‌ട്രേറ്ററുടെ വികലമായ പരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് നിയമസഭ ഭരണ പ്രതിപക്ഷ ഭേദമന്യേ ഐക്യദാർഢ്യം പ്രകടിപ്പിക്കും. മുഖ്യമന്ത്രിയാണ് ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് കെ കെ ശൈലജ തുടക്കമിടും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച തുടങ്ങിവെക്കുന്നത്. സിപിഎം വിപ്പ് കൂടിയാണ് കെ കെ ശൈലജ. നന്ദി പ്രമേയ ചർച്ച മൂന്ന് ദിവസം നീണ്ടുനിൽക്കും.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. പ്രസംഗത്തിലും പ്രതിപക്ഷാംഗങ്ങൾ ഇതു ചൂണ്ടിക്കാട്ടും.