‘സ്വരം നന്നാകുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ തയ്യാറാണ്’; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍
കെപിസിസി നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരന്‍. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കടുത്ത അവഗണന നേരിട്ടതായാണ് മുരളീധരന്റെ പരാതി. മുന്‍ കെപിസിസി അധ്യക്ഷന്‍ എന്ന പരിഗണനയില്‍ രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയപ്പോള്‍ തന്നെ ഒഴിവാക്കിയതാണ് കെ മുരളീധരനെ ചൊടിപ്പിച്ചത്. അതൃപ്തി രൂക്ഷമായ ഭാഷയില്‍ തന്നെ കെ സി വേണുഗോപാലിനെയും കെ സുധാകരനെയും അറിയിച്ചെന്ന് കെ മുരളീധരന്‍ പറഞ്ഞു.
താനടക്കം മൂന്ന് കെപിസിസി പ്രസിഡന്റുമാരാണ് ഇന്നലെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയില്‍ ഉണ്ടായിരുന്നത്. രമേശ് ചെന്നിത്തലയ്ക്കും എം.എം ഹസനും സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ തനിക്കതുണ്ടായില്ലെന്നാണ് കെ മുരളീധരന്റെ പരാതി.
‘ ഒഴിവാക്കിയതിന് എന്താണ് കാരണമെന്ന് എനിക്കറിയില്ല. പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞു. ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയതാണ്.. സ്വരം നന്നാകുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ ഞാന്‍ തയ്യാറാണ്. പാര്‍ട്ടിയാണ് എനിക്ക് സ്ഥാനങ്ങളെല്ലാം തന്നത്. ആ പാര്‍ട്ടിക്ക് എന്റെ സേവനങ്ങള്‍ ആവശ്യമില്ലെന്നാണെങ്കില്‍ അതറിയിച്ചാല്‍ മതി. കെ സി വേണുഗോപാലിനോടും സുധാകരനോടും അക്കാര്യം പറഞ്ഞിട്ടുണ്ട്. കെ കരുണാകരനും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. സമയം ഇല്ലെന്നാണ് എന്റെ കാര്യത്തില്‍ അറിയിച്ചത്. ഒരാള്‍ ഒഴിഞ്ഞാല്‍ അത്രയും നല്ലതെന്ന് ചിന്തിക്കുന്നവരാണ് ചുറ്റും’. മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന് കച്ചേരി നിര്‍ത്തിയ ആള്‍ വീണ്ടും പാട്ടുപാടുമോ എന്ന് ചോദിക്കുന്നത് പോലെയെന്നായിരുന്നു മുരളീധരന്റെ മറുപടി.