അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിന് സിസ തോമസിനെതിരെ നടപടിക്ക് സാധ്യത
സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായ സിസ തോമസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി ചുമതല ഏറ്റെടുത്തത്. ഇതില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സിസ തോമസിനെതിരെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സിസയുടെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നോട്ടീസും നല്‍കി.
സിസ തോമസിനെ നേരിട്ട് കേള്‍ക്കാന്‍ സര്‍ക്കാര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. രാവിലെ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകണമെന്ന് കാട്ടിയാണ് കത്ത്. പ്രത്യേക ദൂതന്‍ വഴി നല്‍കിയ കത്ത് സിസ തോമസ് കൈപ്പറ്റിയിട്ടില്ല. ഇമെയില്‍ മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ഹാജരായി തൃപ്തികരമായ മറുപടി നല്‍കിയില്ല എങ്കില്‍ സിസയ്‌ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. ഇന്ന് വിരമിക്കാനിരിക്കെ വകുപ്പ്തല നടപടിക്കാണ് സൂചന.
ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ഹര്‍ജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയതോടെയാണ് സിസാ തോമസിന് തിരിച്ചടിയുണ്ടായത്. സര്‍ക്കാരിന് തുടര്‍ നടപടിയെടുക്കാമെന്നും എന്നാല്‍ സിസാ തോമസിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
സിസാ തോമസിന് വിസി ചുമതല നീട്ടി നല്‍കില്ല എന്ന് ഗവര്‍ണര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്ന് ഡിജിറ്റല്‍ സര്‍വകലാശാല വി സി സജി ഗോപിനാഥിനെയാകും താല്‍ക്കാലിക വിസിയായി പകരം ചുമതലപ്പെടുത്തുക. സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പേരും മേയില്‍ വിരമിക്കുന്നവരാണ്.