Tuesday, January 7, 2025
Kerala

നേതൃത്വത്തിനെതിരായ പരസ്യപ്രതികരണം: താക്കീത് നല്‍കുന്ന ഒരു കത്തും തനിക്ക് കിട്ടിയില്ലെന്ന് കെ മുരളീധരന്‍

നേതൃത്വത്തിനെതിരായ പരസ്യപ്രതികരണങ്ങളില്‍ താക്കീത് നല്‍കുന്ന തരത്തില്‍ കെപിസിസിയില്‍ നിന്ന് കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരന്‍. പാര്‍ട്ടിക്ക് അകത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. സേവനം വേണ്ടെന്ന് പറഞ്ഞാന്‍ മതി അപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താമെന്നും കെപിസിസിയില്‍ നിന്ന് കത്ത് കിട്ടുമ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനം പാടില്ലെന്നാണോ പറയുന്നതെന്ന് കെ മുരളീധരന്‍ ചോദിച്ചു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പല അഭിപ്രായങ്ങളുണ്ടാകും. നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ പറയാന്‍ പാര്‍ട്ടി വേദി ഏതെന്നാണ് കെ മുരളീധരന്‍ ചോദിക്കുന്നത്. പാര്‍ട്ടി എക്‌സിക്യൂട്ടീവ് വിളക്കണമെന്ന് താന്‍ പറയുന്നത് ഇത്തരം പാര്‍ട്ടി വേദികള്‍ ഉണ്ടാകാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ ഉന്നയിച്ച ആരോപണങ്ങളിലും കെ മുരളീധരന്‍ പ്രതികരണം അറിയിച്ചു. സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ മാനനഷ്ടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേസ് കൊടുക്കണമെന്നാണ് കെ മുരളീധരന്‍ പറയുന്നത്. സ്വപ്ന പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങിയിട്ടില്ല. അതിനാല്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും കെ മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ പിള്ളയുള്ളതായി കേട്ടിട്ടില്ല. ഒരു പക്ഷേ മറ്റ് ജില്ലകളില്‍ നിന്ന് വന്ന് താമസിക്കുന്ന ആളായിരിക്കാം. പക്ഷേ ഗുരുതരമായ ആരോപണം ഉന്നയിച്ച് ഒരാളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും കെ മുരളീധരന്‍ ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നേരെയായിരുന്നു കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *