Saturday, January 4, 2025
Kerala

കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ ശ്രമം; കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഐഎം

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം. കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് അനുകൂല നിലപാടുകളെ കെ സുധാകരന്‍ ന്യായീകരിക്കുകയാണ്. ചരിത്രത്തില്‍ വിഷം കലര്‍ത്തുന്ന സംഘപരിവാര്‍ സമീപനമാണ് കെ സുധാകരന്റേത് എന്നും സിപിഐഎം വിമര്‍ശിക്കുന്നു.

കേരളത്തിലെ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തില്‍ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. ആര്‍എസ്എസുമായി താന്‍ ചര്‍ച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആര്‍എസ്എസിന്റെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ തിരുത്തുന്നതിന് പകരം ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് കെ സുധാകരന്‍ വീണ്ടും പരിശ്രമിക്കുന്നത്.

സ്വയം ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ശ്രമിക്കുന്നത്. ചരിത്രത്തില്‍ വിഷം കലര്‍ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത് എന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഈ അപകടം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വര്‍ഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും തയ്യാറാകണം.

കെ സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആര്‍എസ്എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം എന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *