വഴിത്തിരിവായത് ഗ്രീഷ്മയുടെ ഫോണിലെ ഗൂഗിള്‍ സേര്‍ച്ചിങും; വിഷങ്ങളെ കുറിച്ച് തിരഞ്ഞു
പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതി ഗ്രീഷ്മയുടെ ഫോണിലെ ഗൂഗിള്‍ സേര്‍ച്ച് ഓപ്ഷന്‍ നിര്‍ണ്ണായകമായി. ഷാരോണിനെ കൊലപ്പെടുത്താന്‍ വിഷങ്ങളെ കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്നാണ് വിവരം. കലര്‍ത്തിയത് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തുവെന്നാണ് പ്രാഥമിക നിഗമനം.
ഷാരോണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ഡോക്ടറുടെ മൊഴിയും പ്രതിയിലേക്കെത്തുന്നതില്‍ നിര്‍ണായകമായി. ഷാരോണിന്റെ ശരീരത്തിലെ കോപ്പര്‍ സള്‍ഫേറ്റ് അംശവും വഴിത്തിരിവായി. ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത് കുമാര്‍ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.
ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് 22കാരിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും യുവതി വെളിപ്പെടുത്തുന്നു.
ഇതിന് മുന്‍പും പെണ്‍കുട്ടി മകന് വിഷം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മ വെളിപ്പെടുത്തുന്നു. ഒന്നിലധികം തവണ ഷാരോണിനെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടി ശ്രമിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.