Saturday, October 19, 2024
Kerala

സ്‌കൂൾ തുറക്കാൻ മാർഗരേഖ ഒരാഴ്ചക്കകം; അധ്യാപക, യുവജന സംഘടനകളുടെ യോഗം ഇന്ന്‌

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള അവസാന വട്ട ഒരുക്കങ്ങളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടന്നു. വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെയും യുവജന സംഘടനകളുടെയും യോഗങ്ങൾ ഇന്ന് ചേരും. സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗരേഖയിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ചാണ് യോഗം ചേരുന്നത്.

രാവിലെ 11 ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗമാണ് ആദ്യം ചേരുക. ഒന്‍പത് അധ്യാപക സംഘടനകളുടെ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ അധ്യാപകരുടെ ചുമതലകളും സ്‌കൂള്‍ സമയം, ഷിഫ്റ്റ് സമ്പ്രദായം വേണമോ എന്നതടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.

ഉച്ചയ്ക്ക് 2 30 ന് മറ്റു അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലു മണിക്ക് യുവജനസംഘടനകളുടെ യോഗം ചേരും. അടുത്ത മാസം രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും 3.30ന് തൊഴിലാളി സംഘടനകളുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈനായാണ് എല്ലായോഗവും ചേരുക. എല്ലാ രംഗത്തുള്ളവരുമായും ചര്‍ച്ച ചെയ്ത് ഒക്‌ടോബര്‍ അഞ്ചിന് മാര്‍ഗരേഖ പ്രസിദ്ധീകരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.

Leave a Reply

Your email address will not be published.