വാക്‌സിനെടുക്കണമെന്ന് സർക്കാർ മാർഗരേഖ; അയ്യായിരത്തിലധികം അധ്യാപകർ സ്വീകരിക്കാത്തവർ: വി ശിവൻകുട്ടി
വാക്‌സിനെടുക്കാതെ സ്‌കൂളിൽ വരരുതെന്നാണ് സർക്കാർ മാർഗരേഖയെങ്കിലും അയ്യായിരത്തിലധികം അധ്യാപകർ വാക്‌സിനെടുക്കാത്തവരാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വാക്‌സിനെടുക്കാത്ത അധ്യാപകരോട് അനുഭാവപൂർണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെങ്കിലും വിദ്യാർഥികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്നും വാക്സിൻ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും ഗവൺമെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. സ്‌കൂളുകളുടെ സമയം നീട്ടുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും നല്ല രീതിയിലാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷൻ ചെയ്യാത്ത അധ്യാപകരെ സ്‌കൂളിൽ എത്താൻ അധികൃതർ നിർബന്ധിക്കുന്നുണ്ടെന്നും കാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും തുടർനടപടികൾ കൂടിയാലോചനക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷയം കോവിഡ് ഉന്നത തല സമിതിയെയും ദുരന്ത നിവാരണ സമിതിയേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 8,774 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 621 മരണവും റിപ്പോർട്ട് ചെയ്തു.