കൽക്കരി ക്ഷാമം രൂക്ഷം; കേരളത്തിലും വൈദ്യുതി നിയന്ത്രണം വേണ്ടിവരും
തിരുവനന്തപുരം: കൽക്കരിക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതോൽപാദനം കുറഞ്ഞതിൽ കേരളത്തിനും ആശങ്ക. സ്‌ഥിതി തുടർന്നാൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവാണ്. ഇതിനാലാണ് തൽക്കാലം പ്രതിസന്ധി ഒഴിവായിരിക്കുന്നത്.
ഒരാഴ്‌ചയായി കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയിൽ ദിവസേന 300-350 മെഗാവാട്ട് കുറവുണ്ടെന്ന് വൈദ്യുതിവകുപ്പ് അധികൃതർ പറഞ്ഞു. പുറത്തുള്ള താപനിലയങ്ങളുമായുള്ള ദീർഘകാല കരാറിൽ 200 മെഗാവാട്ട് കുറഞ്ഞു. കേന്ദ്രനിലയങ്ങളിൽ നിന്നുള്ള വിഹിതത്തിൽ 150 മെഗാവാട്ട് വരെയാണ് കുറവ് രേഖപ്പെടുത്തിയത്.
വൈദ്യുതോൽപാദനം കുറഞ്ഞതിനാൽ പവർ എക്‌സ്ചേഞ്ചിൽ രാത്രിയിൽ റെക്കോഡ് വിലയാണ്. അടുത്തിടെ യൂണിറ്റിന് 19-20 രൂപവരെ വില ഉയർന്നിരുന്നു. പുറത്തു നിന്നുള്ള താപവൈദ്യുതി ലഭ്യതയിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ കാണുന്ന മാർഗം ജലവൈദ്യുതിയുടെ ഉൽപാദനം വർധിപ്പിക്കലാണ്. ഇടുക്കിയിലെ രണ്ടാംനിലയം അനുമതികളെല്ലാം വാങ്ങി അടുത്തവർഷം നിർമാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.