Sunday, April 13, 2025
Kerala

സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖ പ്രകാരം ക്രമീകരണം ഒരുക്കണം: കളക്ടർമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി ശിവന്‍കുട്ടി

 

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തു. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കും. ഈ മാസം 21 നകം ജില്ലാ കളക്ടര്‍മാര്‍ക്കാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. 22ന് ജില്ലാ കളക്ടര്‍മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കണം. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.

ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും എല്ലാ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഏകോപനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി ചേരുന്ന യോഗങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകള്‍, യുവജന പ്രസ്ഥാനങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, എന്‍ആര്‍ഇജിഎസ്, കുടുംബശ്രീ എന്നിവരെ കൂടി ഉള്‍പ്പെടുത്തണം. ജില്ലാതല ദുരന്ത നിവാരണ വിഭാഗം കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ചെലുത്തണം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ടുഡോസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലാതലത്തില്‍ വാക്‌സിന്‍ ഡ്രൈവ് ത്വരിതപ്പെടുത്തണം. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവേണ്ടതിനാല്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

സ്‌കൂള്‍ തുറക്കുന്ന മുറക്ക് ലഹരിവിരുദ്ധ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. എക്‌സൈസ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഇതിനായി വിപുലപ്പെടുത്തണം. കുട്ടികളുമായി ബന്ധപ്പെട്ട മെഡിക്കല്‍ എമര്‍ജന്‍സികള്‍ അഭിസംബോധന ചെയ്യുന്നതിന് ആരോഗ്യമേഖലയില്‍ പ്രത്യേക സംവിധാനമൊരുക്കണമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് എഫ് സി ഐ യില്‍ നിന്നും അരി ലിഫ്റ്റ് ചെയ്യുന്നതിനുള്ള അനുമതി കളക്ടര്‍മാര്‍ നല്‍കേണ്ടതാണ്. കുട്ടികളുടെ യാത്രാ സംവിധാനങ്ങളിലും പൊതുഇടങ്ങളിലും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *