വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും; മുഖ്യമന്ത്രി നിയമസഭയില്‍
വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് സര്‍ക്കാര്‍. തുറമുഖം നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് ഒഴികെ ലത്തീന്‍ അതിരൂപതയുടെ ഏതാവശ്യവും പരിഗണിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നേരത്തേയാകാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മത്സ്യതൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തില്‍ അനുനയത്തിന്റെ എല്ലാ സാധ്യതയും തുറന്നിട്ടുകയാണ് സര്‍ക്കാര്‍. തീരശോഷണം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കും. ശേഷം തുടര്‍നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
ക്യാമ്പുകളില്‍ കഴിയുന്ന കുടുബങ്ങളെ വാടക വീടുകളിലേക്ക് മാറ്റാന്‍ പ്രതിമാസം 5500 രൂപ നല്‍കും. മണ്ണെണ്ണയിതര ഇന്ധനമുപയോഗിക്കുന്ന യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരത്തില്‍ രാഷ്ട്രീയ താല്പര്യം കൂടിയുണ്ടെന്ന് വിമര്‍ശിച്ചു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി തീരുമാനങ്ങളറിയിച്ചത്. വിദഗ്ധസമിതിയെ നിയമിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ നേരത്തെയാകമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ഉപരോധ സമരത്തിന്റെ പതിനഞ്ചാംദിവസമായ ഇന്നും അഞ്ചുതെങ്ങ്, ചമ്പാവ്, അരയതുരുത്തി ഇടവകകളുടെ നേതൃത്വത്തിലെത്തിയ മല്‍സ്യത്തൊഴിലാളികളികള്‍ ബാരിക്കേഡുകള്‍ മറിചിട്ട് പദ്ധതിപ്രദേശത്ത് കടന്നു.