Sunday, April 13, 2025
Kerala

ജനവിരുദ്ധം’; വിഴിഞ്ഞത്തെ സമരം ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിതല സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷ വച്ചിരുന്നത് മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്നായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി. മുന്‍കൂട്ടി പദ്ധതിയിട്ട സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി സമരത്തെ പൂര്‍ണമായി തള്ളി. വിഴിഞ്ഞത്തുകാര്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റുചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.

വിഴിഞ്ഞം പദ്ധതി കൊണ്ടാണ് തീരശോഷണം സംഭവിക്കുന്നതെന്ന സമരക്കാരുടെ വാദത്തെ മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പൂര്‍ണമായി തള്ളി. വിദഗ്ധ സമിതിയുടെ പരിശോധനയിലും ഹരിത ട്രിബ്യൂണലിന്റെ പഠനങ്ങളിലും പദ്ധതി തീരശോഷണത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം ഒരു കാരണവശാലവും നിര്‍ത്തിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *