സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റനടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ
എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജുഡീഷ്യൽ അധികാരം നിർവഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാൻ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹർജി, ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്. തന്നെ സ്ഥലം മാറ്റിയ കൊല്ലം ലേബർ കോടതിയിലേത് ഡെപ്യുട്ടേഷൻ തസ്തികയാണ്. അവിടേക്ക് മാറ്റണമെങ്കിൽ നിയമിക്കപ്പെടേണ്ടയാളുടെ അനുമതി ആവശ്യമാണ്. എന്നാൽ തന്റെ അനുമതി തേടാതെയുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വാദിക്കുന്നു. ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ അടക്കം എതിർകക്ഷികളാക്കിയാണ് ജഡ്ജിയുടെ ഹർജി. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് തുടങ്ങി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ പരാമർശങ്ങൾ വിവാദമായിരുന്നു.