Thursday, April 10, 2025
Kerala

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി

ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി. സിവിക്കിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് സ്റ്റേ അനുവദിച്ചത്. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമർശമുള്ള കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണ കുമാറിന്റെ ഉത്തരവിലെ പരാമർശങ്ങൾ അപമാനകരമാണ്. സിവിക് ചന്ദ്രൻ സമാന കുറ്റങ്ങൾ വേറെയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്നത് സിവിക് ചന്ദ്രന്റെ ശീലമാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് സെഷൻസ് കോടതിയുടെ ഉത്തരവിലുള്ളത്. ഇത്തരം പരാമർശങ്ങൾ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടി.

കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയിരുന്നു. സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയാണ് എസ്. കൃഷ്ണകുമാര്‍. എസ് എസ്ടി വകുപ്പുകളെ തള്ളിക്കൊണ്ടുള്ള ഉത്തരവും പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ചുളള ഉത്തരവും എസ് കൃഷ്ണകുമാര്‍ നടത്തിയത് വലിയ വിവാദമായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് കൊല്ലം ലേബര്‍ കോടതിയിലേക്ക് ജഡ്ജിയെ സ്ഥലംമാറ്റിയിരിക്കുന്നത്. പകരക്കാരനായി മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി മുരളീകൃഷ്ണന്‍.എസ് ആകും കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി.

Leave a Reply

Your email address will not be published. Required fields are marked *