Sunday, January 5, 2025
Kerala

കോടതി പരാമർശങ്ങൾ അപമാനം; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ കോടതി പരാമർശങ്ങൾ അപമാനമെന്ന് സംസ്ഥാന സർക്കാർ. സിവിക്കിന് മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിവിക് ചന്ദ്രൻ സമാന കുറ്റങ്ങൾ വേറെയും ചെയ്തിട്ടുണ്ടെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി.

പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച പരാമർശങ്ങളടക്കം ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സെഷൻസ് കോടതി നടത്തിയത് സ്ത്രീവിരുദ്ധ പരാമർശങ്ങളാണ്. ഏത് വസ്ത്രം ധരിക്കണമെന്നതും എങ്ങനെ ധരിക്കണമെന്നതും വ്യക്തിസ്വാതന്ത്ര്യമാണ്. സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാർ പറഞ്ഞത് യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് എന്നും സർക്കാർ അപ്പീലിൽ പറയുന്നു.

ആദ്യ പീഡനക്കേസിൽ അതിജീവിത സമർപ്പിച്ച അപ്പീലിൽ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. ലൈംഗികാതിക്രമ കേസിലെ മുൻ‌കൂർ ജാമ്യം ചോദ്യം ചെയ്താണ് നോട്ടിസ്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശങ്ങൾ ഉൾപ്പെടെ അതിജീവിത ചോദ്യം ചെയ്തിരുന്നു. സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിജീവിതയുടെ ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ജാമ്യ ഉത്തരവിലെ സെഷൻസ് കോടതി നിരീക്ഷണങ്ങൾ അനുചിതമെന്ന് സർക്കാർ‌ ചൂണ്ടിക്കാട്ടിയിരുന്നു. നിരീക്ഷണം എസ്‌സി/എസ്ടി വിഭാഗത്തെ അതിക്രമിക്കുന്നതു തടയുന്ന നിയമത്തിനെതിരാണ്. സത്യം പുറത്തുവരാൻ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പരാതി നൽകാൻ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മർദം കാരണമെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗിക അതിക്രമമെന്ന ജഡ്ജി എസ് കൃഷ്ണ കുമാറിന്റെ ഉത്തരവ് വിവാദമായിരുന്നു. സിവിക് ചന്ദ്രൻ ജാതി ഉപേക്ഷിച്ച്, ജാതി രഹിത സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നയാളാണ്. കേസിൽ പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാനുള്ള വകുപ്പ് ചുമത്താൻ കഴിയില്ലെന്നും പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണെന്നായിരുന്നു കോടതിയുടെ പരാമർശം.

 

Leave a Reply

Your email address will not be published. Required fields are marked *