‘പിണറായി വിജയനും മന്ത്രിമാരും ശിലാഹൃദയന്മാര്‍’; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയനും മന്ത്രിമാരും ശിലാഹൃദന്മാരാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മനഃസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സ്ത്രീകളോടും കുട്ടികളോടുമുള്ള സര്‍ക്കാര്‍ സമീപനത്തിന്റെ തെളിവാണ് ആലുവയിലെ സംഭവമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധവുമായി ബിജെപി എസ്പി ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. പൊലീസ് അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച്ച ആരോപിച്ച് ഇടത് മുന്നണി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും.