Thursday, January 9, 2025
Kerala

കൊവിഡ് പ്രതിസന്ധി: സർക്കാർ നൽകുന്ന സഹായം അപര്യാപ്തമെന്ന് നിയമസഭയിൽ കെ കെ ശൈലജയുടെ വിമർശനം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ സർക്കാർ നൽകുന്ന സഹായം അപര്യാപ്തമെന്ന് നിയമസഭയിൽ കെ കെ ശൈലജയുടെ വിമർശനം. മുൻ സർക്കാരിലെ സമർത്ഥയായ മന്ത്രി എന്ന വിശേഷണം സ്വന്തമാക്കിയ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് സർക്കാരിനെ വിമർശിച്ച് ശ്രദ്ധേയയായത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജന വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു മുഖം നോക്കാതെ മുൻമന്ത്രിയുടെ വിമർശനം. സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിടതൊഴിൽ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ താത്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളു, കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം അതല്ലാതെ ക്ഷേമനിധി മതിയാവില്ലെന്നും എംഎൽഎ സർക്കാരിനോട് അഭ്യർത്ഥിച്ചു. വ്യവസായ മന്ത്രി പി രാജീവ് കൊവിഡ് കാലത്ത് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ വിശദീകരിച്ച ദിവസം തന്നെയാണ് ഭരണപക്ഷത്ത് നിന്നും ഇത്തരമൊരു വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ കെ കെ ശൈലജയുടെ നിർദേശങ്ങൾ പരിശോധിക്കാമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *