Saturday, April 12, 2025
Kerala

മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിൽ പാളിച്ചയുണ്ടായെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കയറൂരി വിട്ടു. അധികാരകേന്ദ്രമായി ഇയാൾ സ്വയം മാറി. ശിവശങ്കറിന്റെ ഇടപാടുകൾ സർക്കാർ കൃത്യമായി നിരീക്ഷിച്ചില്ല. ഇതിൽ ജാഗ്രതക്കുറവ് സംഭവിച്ചു. ഓഫീസിലെ ഉദ്യോഗസ്ഥൻമാരെ നിയന്ത്രിക്കാൻ സാധിച്ചില്ല

കൊവിഡ് പ്രതിരോധത്തിലൂടെ സർക്കാർ നേടിയെടുത്ത നേട്ടം ഈ വിവാദത്തിലൂടെ നഷ്ടമായി. ഇനി ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രദ്ധ പാലിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. അതേസമയം വിവാദം ഊതിപ്പെരുപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും യോഗം ചൂണ്ടിക്കാട്ടി

ശിവശങ്കറിന്റെ വീഴ്ചകൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ശിവശങ്കറിന് അപ്പുറം കേസിൽ തന്റെ ഓഫീസിൽ ആർക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *