തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യമന്ത്രി. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല. കേസുകൾ കൂടി വരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർമാർ എന്നിവർക്ക് മാത്രമാണ് ഈ ഉത്തരവുകൾ അതാത് സമയങ്ങളിൽ ഇറക്കാൻ അധികാരമുള്ളത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണമുണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇവിടെ അനുവദിക്കുകയുള്ളു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ്. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തണം.
ക്വാറന്റൈൻ നിയന്ത്രണങ്ങളെ കുറിച്ച് പോലീസിനെ വിവരം നൽകുകയും രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കുമുള്ള ബോധവത്കരണമാണ് ഇവരുടെ ഉത്തരവാദിത്വം. ക്വാറന്റൈനിലുള്ളവർ സ്വയം അധികൃതരെ അറിയിക്കണം. കർശന നിയന്ത്രണം നിലനിൽക്കുന്ന നാളെയോ മറ്റന്നാളോ അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്.