ഞെളിയൻ പറമ്പിലെ മാലിന്യ നീക്കം; വീണ്ടും സോൺടക്ക് കരാർ നൽകി കോഴിക്കോട് കോപ്പറേഷൻ
കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നീട്ടി നൽകി കോഴിക്കോട് കോർപ്പറേഷൻ. കരാർ പുതുക്കി നൽകാൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനമെടുത്തു. നിബന്ധനകളോടെ പിഴയീടാക്കി കരാർ നീട്ടി നൽകാനാണ് കോർപ്പറേഷൻ ഭരണ സമിതിയുടെ നീക്കം. വിഷയം കോർപ്പറേഷൻ കൗൺസിൽ ചർച്ച ചെയ്യുന്നുണ്ട്. നേരത്തെ നാല് തവണ സോൺടക്ക് കരാർ നീട്ടിനൽകിയിരുന്നു.
ഞെളിയൻ പറമ്പിലെ മാലിന്യം ഒരു മാസത്തിനകം നീക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനം എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. കോർപറേഷന്റെ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അറിയിച്ചു. ബ്രഹ്മപുരത്തടക്കം വീഴ്ച വരുത്തിയ സോൺടയെ കരിമ്പട്ടികയിൽ ഉൾപെടുത്തണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കോർപ്പറേഷൻ നീക്കം അംഗീകരിക്കില്ലെന്ന് ബിജെപിയും ലീഗും അറിയിച്ചു. കമ്പനിക്ക് മുൻപിൽ ഭരണസമിതി വെക്കുന്ന ഉപാധികൾ ആളുകളുടെ കണ്ണിൽ പൊടിയിടാനെന്ന് ബിജെപി ആരോപിച്ചു. നാലുവർഷമായി ഒന്നും ചെയ്യാത്തവർ 30 ദിവസം കൊണ്ട് എന്ത് ചെയ്യുമെന്നാണ് ലീഗിന്റെ ചോദ്യം. തീരുമാനം നിരുത്തരവാദപരം ആണെന്നും അവർ കൂട്ടിച്ചേർത്തു.