Sunday, January 5, 2025
Kerala

ബ്രഹ്മപുരം: കേരളം സഹകരിച്ചില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരമെന്ന് കെ.സുരേന്ദ്രൻ

കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാഗ്ദാനത്തിന് കേരളം മറുപടി കൊടുത്തില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കാനാണോ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. ഈ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം പറയണം. കൊച്ചിയിലെ വീഴ്ച ലോകം അറിയാതിരിക്കാനാണോ അഴിമതി പുറത്തറിയാതിരിക്കാനാണോ സംസ്ഥാനം ഇത്തരമൊരു ഞെട്ടിക്കുന്ന നിലപാട് എടുത്തതെന്ന് പിണറായി വിജയൻ പറയണം.

ബ്രഹ്മപുരം സംഭവത്തിൽ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണെന്ന് . തീ അണയ്ക്കാൻ ഇത്രയും വൈകിയതിനെ പറ്റി പറയാതെ 13 ദിവസത്തിന് ശേഷം തീ അണച്ചത് വലിയ ആനകാര്യമായി പറയുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ പരാജയമാണ് തീ അണയ്ക്കുന്നത് ഇത്രയും വൈകാൻ കാരണമെന്നത് മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. ബ്രഹ്മപുരം മാലിന്യ നിർമ്മാർജന കരാർ സോൻഡ കമ്പനിക്ക് കൊടുത്തത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. സർക്കാർ തലത്തിൽ നടന്ന അഴിമതി പൊലീസും വിജിലൻസും അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. കൊച്ചി കോർപ്പറേഷൻ പിരിച്ചുവിടുകയാണ് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി ചെയ്യേണ്ടത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ കേന്ദ്ര ഏജൻസികളെ വിളിക്കുകയോ ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ കയ്യാങ്കളിയുണ്ടാക്കി ജനങ്ങളുടെ പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ ശ്രമിക്കുന്നത്. സർക്കാരിനെ രക്ഷിക്കാനാണ് പ്രതിപക്ഷം സംഘർഷമുണ്ടാക്കുന്നതിന് കൂട്ടുനിന്നത്. കൊച്ചിയിലെ ദുരന്തത്തിന് കാരണം ഇരു മുന്നണികളും തമ്മിലുള്ള പങ്ക് കച്ചവടമാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു.

ഞെളിയൻപറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്തിന് സമാനമായ സാഹചര്യത്തിലാണ് കോഴിക്കോട് ഞെളിയൻ പറമ്പുള്ളത്. സോൻഡ കമ്പനിയുടെ കരാർ ഉടൻ റദ്ദാക്കാൻ കോഴിക്കോട് കോർപ്പറേഷൻ തയ്യാറാവണം. സോൻഡ കമ്പനിക്ക് സംസ്ഥാന സർക്കാരിലുള്ള പിടിപാടാണ് കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ കരാർ ഇപ്പോഴും തുടരാൻ കാരണമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *