ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണം; സോൺട കമ്പനിയുമായി കരാർ പുതുക്കില്ലെന്ന് മേയർ ബീന ഫിലിപ്പ്
ഞെളിയൻ പറമ്പ് വിഷയത്തിൽ പ്രതികരിച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ്
സോണ്ട കമ്പനിയുമായി കരാർ പുതുക്കില്ല. ഏപ്രിലിൽ ഇവരുമായി ചർച്ച നടത്തും.നിലവിൽ അവരുടെ നിർമാണ വേഗത പോരാ. മാലിന്യം കൂട്ടിയിടരുത് എന്ന് സോണ്ടയോട് നിർദ്ദേശിച്ചതാണ്.
ബയോ മൈനിങ് നടത്തിയ പണം മുഴുവനായും കോർപ്പറേഷൻ നൽകിയിട്ടില്ല.7കോടിയിൽ 1.5 കോടിയോളം രൂപ മാത്രമേ നൽകിയിട്ടുള്ളൂ. മാലിന്യം വൈദ്യുതിയാക്കി മാറ്റുക എന്നതാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നതെന്ന് മേയർ വിശദീകരിച്ചു
കോഴിക്കോട് കോർപ്പറേഷനോട് സോണ്ട കമ്പനി അധിക തുക ആവശ്യപ്പെട്ടിട്ടില്ല. മാലിന്യക്കൂമ്പാരം കാപ്പിങ് ചെയ്ത് ഭംഗിയാക്കും. സോണ്ട കമ്പനിയുടെ മുൻപരിചയം നോക്കിയിരുന്നില്ല. അവരിൽ വിശ്വാസം അർപ്പിച്ചാണ് പദ്ധതി ഏൽപ്പിച്ചതെന്ന് മേയർ വ്യക്തമാക്കി.
അതിനിടെ കോഴിക്കോട് ഞെളിയൻ പറമ്പ് മാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. മാലിന്യ സംസ്കരണം വേഗത്തിലാക്കണം, ആരോപണ നിഴലിലുള്ള കരാർ കമ്പനി സോൺട ഇൻഫ്രാടെക്കിന കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇന്നലെ പ്ലാന്റിൽ സന്ദർശനത്തിനെത്തിയ ബിജെപി കൗൺസിലർമാരെ പ്ലാന്റിനകത്ത് പൂട്ടിയിട്ടിരുന്നു. പ്രതിഷേധ പ്രകടനം ബിജെപി ജില്ലാപ്രസിഡന്റ് വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.