ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്നു
ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്നു. റോഡരികിൽ പല ഇടങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ദുർഗന്ധം മൂലം വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത അവസ്ഥ. മാലിന്യ നീക്കം ഉടൻ പുനസ്ഥാപിച്ചില്ലെങ്കിൽ അതീവ ഗുരുതര മാകും കൊച്ചിയിലെ സ്ഥിതി.
കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെ റോഡരികുകൾ മാലിന്യ കൂമ്പാരങ്ങൾകൊണ്ട് നിറഞ്ഞു. വൈറ്റില, ചക്കരപറമ്പ്, തമ്മനം, കലൂർ തുടങ്ങി കോർപറേഷൻ പരിധിയിലെ മിക്ക റോഡുകളിലും സമാന സ്ഥിതിയാണ്. വീടുകളിൽ നിന്നും ഫ്‌ലാറ്റുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് റോഡരികിൽ തള്ളുന്നത്. പലതും പുഴുവരിച്ച നിലയിലാണ്. കവറുകൾ പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നുണ്ട്. വഴിയാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ.
മാലിന്യ നീക്കം പുനസ്ഥാപിക്കാൻ അമ്പലമേട് സ്ഥലം കണ്ടെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ഒന്നുമായില്ല. മാലിന്യം തള്ളാനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.