പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം ആരുടേയും പ്രേരണയിലല്ല; അഡ്വ. ടി പി ഹരീന്ദ്രൻ
ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച് അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ് പി സുകുമാരന്‍ ആരോപണം നിഷേധിച്ചത് അദ്ദേഹത്തിന്‍റെ പരിമിതി മൂലമാണ്. രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്ന് കരുതുന്നു. ആരുടേയും കോളാമ്പിയല്ല. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാര്‍മികത കാണിച്ചില്ല. സിബിഐ കേസ് ഏറ്റെടുത്ത ശേഷമാണ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഫേസ്ബുക്ക് കുറിപ്പിട്ടതിനുശേഷം കെ സുധാകരന്‍ വിളിച്ചുവെന്നും അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞുവെന്നും ഹരീന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം തള്ളി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. കണ്ണൂരിലെ അഭിഭാഷകന്‍റെ ആരോപണം വിചിത്രമാണ്. ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. ചില പേരുകളും ഊഹാപോങ്ങളും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു. കെപിസിസി പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. യുഡിഎഫില്‍ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ല. കേസ് വിടുന്ന പ്രശനമില്ല. നിയമപരമായി ഈ ആരോപണത്തെ നേരിടും. ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനിടെ പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് അഡ്വ ഹരീന്ദ്രൻ പറഞ്ഞത് പച്ചക്കള്ളമെന്ന് അന്നത്തെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് താൻ ഒരിക്കലും ഹരീന്ദ്രനെ ബന്ധപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി കേസ് അന്വേഷണത്തിൽ ഇടപെട്ടിട്ടില്ല. ടി പി ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നിൽ ആരെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.