Tuesday, January 7, 2025
National

കൊവിഡ് നിയന്ത്രണം; 6 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധം

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയത്. ആർ ടി പി സിആർ ഫലം എയർ സുവിധയിൽ അപ്‌ലോഡ് ചെയ്യണം. പുറപ്പെടുന്നതിനു മുമ്പാണ് അപ്‌ലോഡ് ചെയ്യേണ്ടത്. കേന്ദ്രസർക്കാർ ഉത്തരവ് ജനുവരി ഒന്നു മുതൽ നടപ്പിലാക്കും.

രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങിയിരുന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരിലും ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്. പരിശോധിച്ച 6000 പേരിൽ 39 പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്.

ജനിതക ശ്രേണീകരണത്തിന്റെ ഫലം കൂടി അറിയുന്ന അടുത്ത 40 ദിവസം രാജ്യത്ത് നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദേശം നൽകിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *