Saturday, October 19, 2024
Kerala

കലോത്സവം: പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി

സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു . രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും. കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്. ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കാറില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസിലാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. സാനിറ്റൈസറും ഉറപ്പാക്കണം. കോവിഡ് ജാഗ്രത കണക്കിലെടുത്തുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മത്സരങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കും. മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഇക്കുറി വലിയ ഘോഷയാത്ര ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സ്‌കൂൾ വിദ്യാർഥികളുടെ നൈസർഗിക–കലാ–സാഹിത്യ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 61–ാം കേരള സ്‌കൂൾ കലോത്സവം ഇത്തവണ കോഴിക്കോടാണ്. 2015 ലാണ് അവസാനം കോഴിക്കോട് കലോത്സവത്തിന് വേദി ആയത്. ജില്ലയിൽ ഇത് 8–ാം തവണയാണ് കലോത്സവം നടക്കുന്നത്.

Leave a Reply

Your email address will not be published.