സ്വന്തം പൊലീസിന് തെളിയിക്കാനായില്ല, സോളാർ കേസ് പിണറായി സർക്കാർ വൃത്തികെട്ട രീതിയിലാണ് അന്വേഷിച്ചതെന്ന് കെ.മുരളീധരൻ
സോളാർ കേസ് പിണറായി സർക്കാർ വൃത്തികെട്ട രീതിയിലാണ് അന്വേഷിച്ചതെന്ന് കെ.മുരളീധരൻ. സ്വന്തം പൊലീസ് അന്വേഷിച്ചിട്ട് പോലും തെളിയിക്കാനായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഒന്നും കണ്ടില്ല. എന്നിട്ടാണ് സിബിഐയെ കൊണ്ടുവന്നത്. പലപ്പോഴും സിബിഐയെ കുറ്റം പറഞ്ഞിട്ട് അതേ സിബിഐക്ക് കേസ് കൈമാറി. സിബിഐ അന്വേഷണത്തിലും തിരിച്ചടി നേരിട്ടു. മ്ളേച്ചമായ രീതിയിൽ നടന്ന അന്വേഷണമെന്ന് ചരിത്രം പറയുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പൊതു സമൂഹത്തോടെ മാപ്പ് പറയണമെന്നും സ്വപ്നയുടെ കേസും സിബിഐക്ക് നൽകണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.
സോളാർ കേസിലെ സിബിഐ അന്വേഷണം സ്വർണക്കടത്തിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. എന്തുകൊണ്ട് നേതാക്കന്മാർ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല. സ്വർണക്കടത്ത് കേസിലും സി ബി ഐ അന്വേഷണം വേണം. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലും മുരളീധരൻ പ്രതികരിച്ചു. മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തിയത് പാർട്ടിക്കകത്ത് മാത്രം ചർച്ച ചെയ്യപ്പെടേണ്ട കാര്യമല്ല. അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇതിന് പുറമെ പി ജയരാജനെതിരായ ക്വട്ടേഷൻ പരാതിയിലും അന്വേഷണം വേണം. യാഥാർത്ഥ്യം ബോധ്യപ്പെടണം. രണ്ടിലും ജുഡീഷ്യൽ അന്വേഷണം വേണം. കേരളത്തിലെ ബിജെപിയുടെ ബി ടീമാണ് സിപിഎം. സമരപരിപാടികൾ യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.