കൊവിഡ് പ്രതിരോധങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:
രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവ റാന്‍ഡം സാമ്പിളിംഗ് ആരംഭിച്ചു. വിദേശത്തുനിന്നുള്ള യാത്രക്കാര്‍ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന എയര്‍ സുവിധ ഫോം പൂരിപ്പിക്കണം. ഇത് നിര്‍ബന്ധമാണ്. കൊവിഡ് പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ ക്വാറന്റൈന് വിധേയമാക്കും.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:
ഇന്ത്യയിലേക്ക് വരുന്ന എല്ലാ രാജ്യാന്തര യാത്രക്കാരിലും 2 ശതമാനം പേരില്‍ കൊവിഡ് പരിശോധന നടത്തും. അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൈന, തായ്ലന്‍ഡ്, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 2 ശതമാനം റാന്‍ഡം സാമ്പിള്‍ കൂടാതെ വിശദ പരിശോധന നടത്തും.