കേരളാ കോൺഗ്രസ് ബി കുടുംബത്തിന്റെ പാർട്ടിയല്ല; എനിക്ക് ശേഷം പ്രളയമെന്ന നിലപാടില്ല: ഗണേഷ് കുമാർ
കേരളാ കോൺഗ്രസ് ബി കുടുംബത്തിന്റെ പാർട്ടിയല്ലെന്ന് കെ ബി ഗണേഷ്‌കുമാർ. തന്റെ കുടുംബത്തിലുള്ള ആരും പാർട്ടിയിൽ ഇല്ലെന്നും സഹോദരി ഉഷ മോഹൻദാസിനായുള്ള മറുപടിയായി ഗണേഷ്‌കുമാർ പറഞ്ഞു. നേരത്തെ കേരളാ കോൺഗ്രസ് ബി പിളർന്ന് പുതിയ വിഭാഗത്തിന്റെ ചെയർമാനായി ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തിരുന്നു
തന്നെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. കേരളാ കോൺഗ്രസ് ബി ഒന്നേയുള്ളു. അച്ഛൻ രാഷ്ട്രീയത്തിലുള്ളപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ വന്നതാണ്. കഴിഞ്ഞ 22 വർഷം ജനങ്ങൾക്ക് നടുവിൽ അട്ടിത്തട്ടിലിറങ്ങി പ്രവർത്തിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങളല്ല പാർട്ടിയുടേത്. എല്ലാവരും കൂട്ടായ് എടുക്കുന്നതാണ്
എനിക്ക് ശേഷം പ്രളയമെന്ന നിലപാട് എനിക്കില്ല. എന്നോടൊപ്പം നിന്ന് പ്രവർത്തിക്കാനുള്ള ആളുകളെ വാർത്തെടുക്കാൻ വേണ്ടിയാണ് എല്ലാവരെയും വിളിച്ചു ചേർത്തതെന്നും ഗണേഷ്‌കുമാർ പറഞ്ഞു.