Tuesday, March 11, 2025
Kerala

വിമാനവിലക്ക് ഭാഗികമായി പിൻവലിച്ചത് പ്രവാസികൾക്ക് ആശ്വാസമായി

റിയാദ്: കോവിഡ് വൈറസ് വകഭേദം ഏതാനും രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ വിമാനവിലക്ക് ഭാഗികമായി പിൻവലിച്ചത് പ്രവാസികൾക്ക് ആശ്വാസമായ. സൗദിയിൽനിന്ന് പുറത്തേക്കുള്ള വിമാന സർവീസുകളിൽ വിദേശികളെ രാജ്യം വിടാൻ അനുവദിച്ചതോടെ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് പോകാൻ പ്രവാസികൾക്ക് കഴിയും. അതേസമയം, തിരികെ വിമാന സർവീസ് എന്നു വരുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അടുത്തയാഴ്ച ഇക്കാര്യത്തിൽ തീരുമാനമാകും.

സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും കോവിഡ് വൈറസ് വകഭേദവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് ഒരാഴ്ചത്തേക്കു കൂടി സൗദിയിലേക്ക് യാത്രക്കാരെയുമായുള്ള വിമാനസർവീസിനുള്ള വിലക്ക് തുടരാൻ തീരുമാനിച്ചത്. ഇതോടൊപ്പം കരാതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള വിലക്കും ഒരാഴ്ചത്തേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്.

വിദേശങ്ങളിൽ നിന്ന് രാജ്യത്തിനകത്തേക്കും സൗദിയിൽ നിന്ന് പുറത്തേക്കുമുള്ള ചരക്ക് നീക്കത്തെ വിലക്കിൽനിന്ന് ഒഴിവാക്കി. ആരോഗ്യ മന്ത്രാലയം നിശ്ചയിക്കുന്ന മുൻകരുതൽ നടപടികൾക്ക് അനുസൃതമായി, വിമാന സർവീസുകളിൽ രാജ്യം വിടാൻ വിദേശികളെ അനുവദിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

ഏതാനും രാജ്യങ്ങളിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സർവീസുകൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാനും കരാതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി രാജ്യത്ത് പ്രവേശിക്കുന്നത് ഒരാഴ്ചക്കാലം വിലക്കാനുമുള്ള തീരുമാനം  ഈ മാസം 20 നാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ആവശ്യമെങ്കിൽ ഈ നടപടികൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കുമെന്ന് അന്നു തന്നെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ആരോഗ്യ മന്ത്രാലയം നിർണയിക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നും ഡിസംബർ എട്ടു മുതൽ സൗദിയിലേക്ക് മടങ്ങിയവർ രാജ്യത്തെത്തി പതിനാലു ദിവസക്കാലം ഹോം ഐസൊലേഷൻ പാലിക്കണം. ഐസൊലേഷൻ കാലത്ത് കോവിഡ് പരിശോധന നടത്തുകയും ഓരോ അഞ്ചു ദിവസത്തിലും ടെസ്റ്റ് ആവർത്തിക്കുകയും വേണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ രാജ്യങ്ങളിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയവരും ഈ രാജ്യങ്ങളിലൂടെ കടന്നുപോയവരും പരിശോധന നടത്തണം.

ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പ്രഖ്യാപിച്ച നടപടികൾ പുനഃപരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *