Saturday, October 19, 2024
Gulf

സൗദി രാജ്യാന്തര യാത്രാവിലക്ക് നാളെ അവസാനിക്കും; പ്രതീക്ഷ കൈവിടാതെ പ്രവാസികൾ

 

ജിദ്ദ: രാജ്യാന്തര യാത്രാ നിരോധനം നാളെ മുതൽ സൗദി അറേബ്യ പിൻവലിക്കുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. നിലവിൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള യാത്രക്ക് വിലക്കുണ്ടെങ്കിലും രാജ്യാന്തര യാത്രാവിലക്ക് നീക്കിയതിന് ശേഷം ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്കും എടുത്തുകളയുമെന്ന പ്രതീക്ഷയാണ് പ്രവാസികൾക്ക്. നിലവിൽ സൗദിയിലേക്ക് യാത്ര തിരിക്കാൻ പ്രവാസികൾ ആശ്രയിക്കുന്നത് ബഹ്‌റൈനെയാണ്. മറ്റു ചില രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവാസികൾ എത്തുന്നുണ്ടെങ്കിലും ഇത് വ്യാപകമായി തുടങ്ങിയിട്ടില്ല.

സൗദിയിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഈ മാസം 25 മുതൽ സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് റഷ്യ അറിയിച്ചത്. മോസ്‌കോയിൽ നിന്ന് ജിദ്ദയിലേക്കും ഗ്രോസ്‌നിയിൽ നിന്ന് ജിദ്ദയിലേക്കും പ്രതിവാരം മൂന്നു സർവീസുകൾ വീതവും മകച്കലയിൽ (മുൻ പെട്രോവ്‌സ്‌കോയ) നിന്ന് ജിദ്ദയിലേക്ക് പ്രതിവാരം ഒരു സർവീസ് വീതവുമാണ് ഈ മാസം 25 മുതലുണ്ടാവുകയെന്ന് റഷ്യയിലെ സെന്റർ ഫോർ റെസ്‌പോണ്ടിംഗ് ടു കൊറോണ വൈറസ് ട്രാൻസ്മിഷൻ ആന്റ് സ്‌പ്രെഡ് അധികൃതർ പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ സൗദിയിലേക്ക് നേരിട്ട് സർവീസ് നടത്തുന്നതോടെ കൂടുതൽ യാത്രാവഴികൾ തുറന്നുകിട്ടുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

ഇതിന് പുറമെ, യു.എ.ഇ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് വിമാനസർവീസുണ്ടാകും. ഈ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ളവർക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചാൽ ഇതുവഴിയും ഇന്ത്യക്കാർക്ക് സൗദിയിലെത്താം.

വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് പ്രതിരോധ ശേഷി നേടിയവർക്കും പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും സൗദിയിലേക്ക് വരാനുള്ള സഹചര്യം അധികൃതർ ഒരുക്കുമെന്ന പ്രതീക്ഷയും പ്രവാസികൾക്കുണ്ട്. ഇതിനായി സർക്കാർ തലത്തിൽ സമർദ്ദം ശക്തമാക്കണമെന്ന ആവശ്യവും പ്രവാസികൾ ഉന്നയിക്കുന്നു. ഇന്ത്യയും സൗദിയും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകാനുള്ള സാധ്യതയുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ സ്വീകരിക്കാൻ സൗദി സജ്ജമായെന്ന് അധികൃതർ ആവർത്തിച്ചു.
സൗദി എയർലൈൻസ് ആദ്യഘട്ടത്തിൽ 43 അന്താരാഷ്ട്ര റൂട്ടുകളിലേക്കും 28 ആഭ്യന്തര സെക്ടറുകളിലേക്കുമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.